ഏകയാന 2021
28-01-2021 വ്യാഴം
യോഗ ചെയ്ത് തുടങ്ങിയ ദിനം.ആഡിറ്റോറിയത്തിൽ നിരന്നിരുന്ന് ഞങ്ങൾ യോഗ ചെയ്തു. ശവാസനം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ മനസിന് ആകെ ഒരു ഉന്മേഷം തോന്നി.
ഇന്നായിരുന്നു ഞങ്ങളുടെ റിപ്പബ്ലിക് ദിന പരിപാടികൾ. എന്റെ കളർ കോഡ് പച്ചയും വെള്ളയും ആയിരുന്നു. ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. പ്രാക്ടീസ് ഒന്നും ഒരുപാട് ചെയ്തിട്ടില്ലായിരുന്നു. ആദ്യമായി ഞങ്ങൾ ഒത്തുകൂടി ചെയ്യുന്ന കാര്യവുമായിരുന്നു.
ആദ്യം മായ ടീച്ചറിന്റെ ക്ളാസ് ആയിരുന്നു. ടീച്ചർ നല്ല ഒരു സാരിയിലുമായിരുന്നു. കോംപിറ്റൻസി ഓഫ് എ ടീച്ചർ എന്ന വിഷയമാണ് എടുത്തത്. അതുകഴിഞ്ഞ് ഞങ്ങൾക്ക് ക്ളാസ് ഉണ്ടായിരുന്നില്ല. പ്രാക്ടീസ് ആയിരുന്നു. ഞങ്ങൾ സ്റ്റേജിൽ കയറി കളിച്ചു നോക്കി. ഒരുവിധം ഒക്കെ ശരിയാക്കി. ആ നിമിഷങ്ങൾ ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കി.
ഉച്ചയ്ക്കു ശേഷം 2 മണിയായപ്പോൾ പരിപാടി ആരംഭിച്ചു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ പ്രോഗ്രാമിൽ ആദ്യം മലയാളം ഓപ്ഷണലിന്റെ ദേശസ്നേഹം ഉണർത്തിയ ഒരു പാട്ടായിരുന്നു. അടുത്തതായി ഇംഗ്ലീഷ് കാരുടെ പാട്ടും നൃത്തവും ചേർന്ന സുന്ദരമായ അവതരണമായിരുന്നു. രോമാഞ്ചം സൃഷ്ടിച്ച ഒന്നായിരുന്നു അത്.
അടുത്തതായി മാത്സ് കുട്ടികളുടെ ഒരുമയുടെ സന്ദേശം നൽകുന്ന ഒരു ദൃശ്യാവിഷ്ക്കാരമായിരുന്നു. കണ്ണുനനയിപ്പിച്ച നിമിഷം തന്നെയായിരുന്നു. ഭാരതത്തിന്റെ സാംസ്കാരിക രംഗത്തെ ഓർമ്മിപ്പിച്ചു ആ പ്രകടനം.
നാച്ചുറൽ സയൻസ് കാരുടെ മനോഹരമായ ഒരു സോളോ പെർഫോമൻസ് ആയിരുന്നു. "മയിലായി പറന്ന് വാ" എന്ന ഗാനം മനസിനെ സ്പർശിച്ചു. ഇനിയല്ലേ കളി... ഞങ്ങളുടെ കളി. ഏറെ പേടിയോടെ നിന്ന ഞങ്ങൾക്ക് പ്രസൻറ്റേഷൻ സ്റ്റ്ക്ക് ആയപ്പോൾ ആദ്യം കിട്ടിയത് ഒരു കൂവലാണ്. അതോടെ പേടിയെല്ലാം പമ്പ കടന്നു. പിന്നെ ഞങ്ങൾ എല്ലാംകൂടി പൊളിച്ചു. ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലെ കുടിലിനുളളിലെ അമ്മയുടെയും കുഞ്ഞിന്റെയും സംഭാഷണം നൃത്തമായി അവതരിപ്പിച്ചു നിർത്തുമ്പോൾ നിറഞ്ഞ കൈയടി ഞങ്ങൾക്ക് കിട്ടി...
അടുത്തതായി സോഷ്യൽ സയൻസിലെ സുഹൃത്തുക്കൾ വക ഒരു പാട്ടായിരുന്നു. ആൽബിന്റെ ആമുഖം തന്ന ചിത്രത്തിൽ നിന്നും വ്യത്യസ്തമായി പാടിയ മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകൾ ആർദ്രത നിറഞ്ഞതായിരുന്നു.
ഞങ്ങളെ അഭിനന്ദിച്ച് മായ ടീച്ചർ പറഞ്ഞ വാക്കുകൾ ഞങ്ങളെ സംതൃപ്തരാക്കി. അപ്പോഴാണ് ജോജു സാർ പറഞ്ഞത് ഇന്ന് ടീച്ചറിന്റെ ജന്മദിനം ആണെന്ന്. എപ്പോഴും ചിരിച്ച് മുഖവും സ്നേഹം നിറഞ്ഞ വാക്കുകളുമായി ഞങ്ങൾക്ക് ഒപ്പമുള്ള ടീച്ചർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ ആശംസ അറിയിച്ചു. ടീച്ചറിന് എല്ലാവരുടെയും വകയായി ചെറിയൊരു സമ്മാനവും നൽകി. എല്ലാവരും ഒത്തൊരുമിച്ച് "കാറ്റാടി തണലും" എന്ന ഹൃദ്യമായ ഗാനവും ആലപിച്ചു.
ഇന്ന് ഞങ്ങൾക്ക് ഐഡി കാർഡ് കിട്ടി. അതുമിട്ട് ഞങ്ങൾ നീന ടീച്ചറിന്റെ അടുത്തേക്ക്. ടീച്ചറിനൊപ്പമുളള ഒരു അടിപൊളി സെൽഫിയോടെ ഇന്നത്തെ ദിനത്തിന് തിരശ്ശീല വീണപ്പോൾ മനസ് നിറയെ അതിമനോഹരമായ ഒരുപിടി ഓർമ്മകളായിരുന്നു.....🥰
Comments
Post a Comment